National
ന്യൂഡൽഹി: അനധികൃത ടിക്കറ്റ് ബുക്കിംഗ് തടയുന്നതിനായി മൂന്ന് കോടിയിലധികം സംശയാസ്പദമായ യൂസർ ഐഡികൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) പ്രവർത്തനരഹിമാക്കി. ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
ടിക്കറ്റ് ബുക്കിംഗ് ദുരുപയോഗം തടയുന്നതിനായി ആറുകോടി യൂസർ ഐഡികളാണ് പരിശോധിച്ചത്. വ്യാജ ഡിജിറ്റൽ ഐ.ഡികൾ വഴിയുള്ള ബുക്കിംഗ് തടയുന്നതിന്റെ ഭാഗമായി 13,343 സംശയാസ്പദമായ ഇമെയിൽ ഡൊമെയ്നുകൾ ബ്ലോക്ക് ചെയ്തു. കൂടാതെ നാഷനൽ സൈബർ ക്രൈം പോർട്ടലിൽ 4.2 ലക്ഷം സംശയാസ്പദമായ പിഎൻആറുകളെ സംബന്ധിച്ച് 501 പരാതികൾ രജിസ്റ്റർ ചെയ്തിരുന്നതായും ഐ.ആർ.സി.ടി.സി അറിയിച്ചു. വ്യാജ ഐഡികളുടെ കടന്നുകയറ്റത്തെ തുടർന്ന് തിരക്കേറിയ തൽകാൽ ബുക്കിംഗ് സമയങ്ങളിൽ യഥാർഥ യാത്രക്കാർക്ക് നിരവധി തടസങ്ങൾ പലപ്പോഴും നേരിടേണ്ടിവരാറുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൗഗഞ്ചിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. ആകാംക്ഷ ചതുർവേദി (19) എന്ന വിദ്യാർഥിനിയാണ് ജീവനൊടുക്കിയത്.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ ആകാംക്ഷ എഴുതിയിരുന്നു. എന്നാൽ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് മേയ് 12 ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കുകയും ജൂൺ 21 ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത വിഷാദത്തിലായിരുന്നു എന്ന് കുടുംബം പറഞ്ഞു. മകളുടെ പഠനച്ചെലവ് കണ്ടെത്താനായി കർഷകനായ പിതാവ് കൃഷ്ണകുമാർ ചതുർവേദി നാഗ്പൂരിൽ പാചകക്കാരനായും ജോലി ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു നൽകിയ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നത് മേയ് 14 ലേക്കു മാറ്റി.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
രാഹുലിന്റെ സുഹൃത്ത് സോഷ്യൽ മീഡിയൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിന്റ അറിവോടെയാണെന്നും ഇതു ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണു പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി രണ്ടാമതും കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.
2023ൽ ഒരുഹോംസ്റ്റേയിൽ പീഡനം നടന്നു എന്നാണു പരാതിയിൽ പറയുന്നത്.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനത്തിനുള്ള നീക്കത്തിനു തിരിച്ചടി. ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാനിൽനിന്നു മടങ്ങി. യുഎസ് പ്രതിനിധിസംഘാംഗങ്ങളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കുഷ്നെർ എന്നിവർ പാക്കിസ്ഥാൻ യാത്ര റദ്ദാക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയുമായി നേരിട്ട് ചർച്ചയില്ലെന്ന് നേരത്തെ ഇറാൻ അറിയിച്ചിരുന്നു. ഏതു ചർച്ചയും പരോക്ഷമായിട്ടാണു നടത്തുകയെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സമഗ്ര നിർദേശങ്ങൾ ഇറാൻ പാക്കിസ്ഥാന് കൈമാറിയെന്നാണു റിപ്പോർട്ട്.
ഈ നിർദേശങ്ങൾ പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അമേരിക്കയ്ക്കു കൈമാറും. ഇന്നലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, സേനാ മേധാവി അസിം മുനീർ എന്നിവരുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തി. പാക് സന്ദർശനത്തിനു പിന്നാലെ ഒമാൻ, റഷ്യ എന്നീ രാജ്യങ്ങളിലും അരാഗ്ചി സന്ദർശനം നടത്തും.
ഫെബ്രുവരി 27ന് ജനീവയിൽ ട്രംപിന്റെ പ്രതിനിധികളുമായി അരാഗ്ചി മണിക്കൂറുകളോളം പരോക്ഷ ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസമാണ് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചത്.
വെടിനിർത്തൽ മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയെങ്കിലും ഇസ്രയേലും ഹിസ്ബുള്ളയും ഇന്നലെ പരസ്പരം ആക്രമണം നടത്തി. തെക്കൻ ലബനനിൽ ഹിസ്ബുള്ളയുടെ മൂന്നു റോക്കറ്റ് ലോഞ്ചറുകൾ തകർത്തെന്ന് ഇസ്രേലി സേന അറിയിച്ചു. ലബനനിൽ ഇതുവരെ 2490 പേരാണു കൊല്ലപ്പെട്ടത്.
National
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യുടെ റോഡ് ഷോകൾ റദ്ദാക്കി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിൽ ഇന്ന് നടത്താനിരുന്ന റോഡ് ഷോകളാണ് റദ്ദാക്കിയത്. പ്രചാരണത്തിനായി ആവശ്യപ്പെട്ട സമയം പോലീസ് അനുവദിക്കാത്തതിനെത്തുടർന്നാണ് നടപടിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ചെന്നൈയിലെ ടി. നഗർ, വില്ലിവാക്കം മണ്ഡലങ്ങളിലായിരുന്നു ഇന്ന് വിജയ് വോട്ടഭ്യർഥിച്ച് എത്തേണ്ടിയിരുന്നത്. വില്ലിവാക്കത്ത് രാവിലെ 11 മുതൽ ഒന്നു വരെയും ടി. നഗറിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ ആറ് വരെയുമാണ് അനുമതി തേടിയിരുന്നത്. എന്നാൽ രണ്ട് ഇടങ്ങളിലും ഒരു മണിക്കൂർ വീതം മാത്രമാണ് പോലീസ് അനുമതി നൽകിയത്. ഈ ചുരുങ്ങിയ സമയം കൊണ്ട് കാര്യക്ഷമമായ പ്രചാരണം സാധ്യമല്ലെന്ന് വിലയിരുത്തിയാണ് പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചത്.
തിങ്കളാഴ്ച പെരമ്പൂരിലും വ്യാഴാഴ്ച തിരുച്ചിറപ്പള്ളിയിലും ശനിയാഴ്ച പുതുച്ചേരിയിലും വിജയ് വമ്പിച്ച റോഡ് ഷോകൾ നടത്തിയിരുന്നു. സ്ഥാനാർഥി പട്ടിക പൂർത്തിയാക്കി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം എല്ലാ ദിവസവും പൊതുയോഗങ്ങളും പ്രചാരണ പരിപാടികളും ഉണ്ടാകുമെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു.
മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ദിവസം മൂന്നും നാലും യോഗങ്ങളിൽ പങ്കെടുക്കുമ്പോഴാണ് വിജയിയുടെ പ്രചാരണ പരിപാടികൾ തടസപ്പെടുന്നത്. ടി. നഗറിൽ ബുസി ആനന്ദും വില്ലിവാക്കത്ത് ആധവ് അർജുനയുമാണ് ടിവികെ സ്ഥാനാർഥികളായി മത്സരിക്കുന്നത്.
National
ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇന്ന് 129 വിമാനങ്ങൾ റദ്ദാക്കി. ഇവിടേയ്ക്ക് വരേണ്ടിയിരുന്ന 66 വിമാനങ്ങളും ഇവിടെ നിന്നും പുറപ്പടേണ്ടിയിരുന്ന 63 വിമാനങ്ങളുമാണ് റദ്ദാക്കിയത്.
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച തടസപ്പെട്ടതാണ് വിമാനസർവീസുകൾ റദ്ദാക്കാൻ കാരണമായത്.
രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഐജിഐഎ) ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (ഡിഐഎഎൽ) നിയന്ത്രണത്തിലാണ്. പ്രതിദിനം 1,300 വിമാനങ്ങളാണ് ഇവിടെ സർവീസ് നടത്തുന്നത്.
Kerala
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ടുമെന്റ് സ്റ്റുഡന്റ്സ് യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വൈസ് ചാൻസലർ റദ്ദാക്കി. രക്തസാക്ഷികളുടെ പേരിലാണ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തത്.
ഈ നീക്കം വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ തടയുകയും തുടർന്ന് അദ്ദേഹം ഇറങ്ങിപ്പോവുകയുമായിരുന്നു. നവലോക ക്രമത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുകയാണെന്ന് ചെയർമാൻ അമൽ ദേവ് പറഞ്ഞു.
ഇതോടെ വിസി ചടങ്ങ് റദ്ദാക്കുകയായിരുന്നു. ഔദ്യോഗിക വാചകങ്ങൾക്ക് എതിരായാൽ സത്യപ്രതിജ്ഞ റദ്ദാക്കുമെന്ന് വിസി ഭാരവാഹികളെ അറിയിച്ചിരുന്നു. ഇത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ ചടങ്ങ് റദ്ദാക്കുകയാണെന്നും വിസി പറഞ്ഞു.
National
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ചൊവ്വാഴ്ച ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 131 വിമാന സർവീസുകൾ റദ്ദാക്കി. വിമാനത്താവള അധികൃതരാണ് ഈ വിവരം നൽകിയത്.
മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച മങ്ങിയതിനാൽ, ഡൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പടേണ്ടിയിരുന്ന 52 വിമാന സർവീസുകളും ഇവിടേക്ക് എത്തേണ്ടിയിരുന്ന 79 സർവീസുകളുമാണ് റദ്ദാക്കിയത്.
അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് ഇൻഡിഗോയുടെ 113 വിമാനങ്ങളും റദ്ദാക്കി. കൂടാതെ, ബുധനാഴ്ച 42 വിമാനങ്ങൾ സർവീസ് നടത്തില്ലെന്നും എയർലൈൻ അറിയിച്ചു.